
ദോഹ: വിദ്യാർത്ഥികളുടെ ഒഴിവുസമയം സാർഥകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് ആക്ടിവിറ്റീസ് – സ്പ്രിംഗ് 2025 പരിപാടി കഴിവുകളും മൂല്യങ്ങളും പ്രതിഭകളും വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്യാഭ്യാസ, കായിക, പ്രായോഗിക പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വവും സാമൂഹിക കഴിവുകളും മെച്ചപ്പെടുത്തുകയാണ് പദ്ധതി.
മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ പരിപാടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഒരുക്കിയ ആറു കേന്ദ്രങ്ങളിലായാണ് നടപ്പാക്കുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സുരക്ഷ, അടിയന്തര സാഹചര്യം കൈകാര്യം ചെയ്യൽ, നൈതിക മൂല്യങ്ങൾ, കായിക പരിശീലനം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനങ്ങളാണ് നൽകുന്നത്. പ്രഭാഷണങ്ങൾ ഒഴിവാക്കി അനുഭവപാഠങ്ങൾക്ക് മുൻഗണന നൽകുന്നതാണ് പരിപാടിയുടെ പ്രത്യേകത.











